നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 543 പേര്‍, ആറ് ജില്ലയിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
പാലക്കാട്: സ്വകാര്യ ആശുപത്രിയില്‍ മരിച്ച 57 വയസുകാരന് നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സമ്പര്‍ക്ക പട്ടിക തയാറാക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള കോണ്ടാക്ട് ട്രേസിങ് ആരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു. ഈ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 46 പേരെ കണ്ടെത്തി. റൂട്ട് മാപ്പ് തയാറാക്കി. പ്രദേശത്ത് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയെടുത്ത് കൂടുതല്‍ നിരീക്ഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സ്ഥിരീകരണം ലഭ്യമാകുന്നതോടെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. നിപ മുന്‍കരുതലിന്റെ ഭാഗമായി മണ്ണാര്‍ക്കാടും കുമരംപുത്തൂരും കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുമരംപുത്തൂരിലെ 8,9,10,11,12,13,14 എന്നീ വാര്‍ഡുകളിലാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചത്. മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയിലെ 25,26,27,28 എന്നീ വാര്‍ഡുകളിലും കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു. നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 543 പേരാണ് ഉള്ളത്. അതില്‍ 46 പേര്‍ പുതിയ കേസിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറം ജില്ലയില്‍ 208 പേരും പാലക്കാട് 219 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. പാലക്കാട്ട് രണ്ടാമതും നിപാ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആറ് ജില്ലയിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലയിലെ ആശുപത്രികള്‍ക്കാണ് നിര്‍ദേശം. നിപാ ലക്ഷണങ്ങളോടുകൂടിയ പനി, മസ്തിഷ്‌ക ജ്വരം എന്നിവയുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി അറിയിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക. രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രമേ പാടുള്ളൂ. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണം.